കുറുമ്പകര ഉടയോന്മുറ്റം
ഉടയോന്‍ മുറ്റത്തു മലനടയിലെ ഉത്സവത്തിനു കെട്ടുകാഴ്ച കണ്ടതാണ് ഉടയോന്‍ മുറ്റത്തെ പറ്റിയുള്ള ആദ്യത്തെ ഓര്‍മ. തിരുവങ്ങാട്ട് ആല്‍ നില്‍ക്കുന്നിടത്ത് ( ആ ആല്‍ എന്നേ വെട്ടി മാറ്റി) വരെ വന്നിട്ട് കെട്ടു കാഴ്ച ഉടയോന്‍ മുറ്റത്തേക്ക് തിരികെ പോവുകയായിരുന്നു പതിവ്.
അഞ്ചാം ക്ലാസ്സില്‍ കുറുമ്പകര യു പി എസ്സില്‍ ചേര്‍ന്നതില്‍ പിന്നെയാണ് ഉടയോന്മുറ്റം കൂടുതല്‍ പരിചയം ആവുന്നത്. ലൈബ്രറി ആയിരുന്നു പ്രധാന ആകര്‍ഷണം. തിരുമാന്ഗഡ് വഴി നടന്നു ഉടയോന്‍ മുറ്റം വഴി പച്ചയും കടന്നു സ്കൂള്‍ വരെ എത്തുന്നത് വരെയുള്ള നടത്ത സംഭവ ബഹുലമായിരുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ലൈബ്രറിയില്‍ അംഗമായി. പള്ളിക്കൂടം വിട്ടു വരുമ്പോള്‍ ലൈബ്രറി തുറന്നിട്ടുണ്ടാവില്ല. അത് കൊണ്ട് വീട്ടില്‍ പോയിട്ട് തിരികെ വരും പുസ്തകം എടുക്കുവാന്‍. അന്ന് ഡിറ്റക്ടിവ് നോവലുകള്‍ ആയിരുന്നു ഹരം. ആദ്യം ലൈബ്രറിയില്‍ നിന്നും എടുത്ത പുസ്തകങ്ങള്‍ വീരകേസരി, വീരഭദ്രന്‍ എന്നീ അക്കാലത്തെ പ്രശസ്തമായ ഡിറ്റക്ടിവ് നോവലുകള്‍ അയിരുന്നു.
പിന്നെ പ്പിന്നെ വര്‍ഷങ്ങളോളം, എന്നും വൈകുന്നേരം ഉടയോന്‍ മുറ്റത്തു കൂടുന്ന ഒരുപാടുപേരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. കുന്നിട ഗോപിനാഥനും കോ യിപ്രത്തെ വിശ്വ നാഥനും , മണേലിക്കീഴില്‍ രാജനും വിജയനും, ബാലചന്ദ്രന്‍ ഉണ്ണിത്താന്‍ , കൊച്ചുതുണ്ടില്‍ സത്യന്‍, അയ്യപ്പന്സാരിന്റെ മക്കള്‍ സുഗതനും ശശിയും, ചിത്രകാരനും ആരോടും അധികം ഒന്നും സംസാരിക്കാത്ത ആളുമായ രാജന്‍, പുത്തൂര്‍ക്കാരന്‍ സാറിന്റെ മകന്‍ രാധാകൃഷ്ണന്‍, കുറുപ്പുസാര്‍, ജി.കെ.പിള്ള സാര്‍ തുടങ്ങിയ മുതിര്‍ന്നവര്‍, ....ഞങ്ങള്‍ വൈകിട്ട് വായനശാലയില്‍ ചീട്ടുകളി, മലനട മുറ്റത്തു ഷട്ടില്‍ കോക്ക് കളി, ഇടയ്ക്ക് പനാമ സിഗരറ്റ് അല്ലെങ്കില്‍ തെറുപ്പു ബീഡി. നൂറായിരം ചര്‍ച്ചാ വിഷയങ്ങള്‍, വായനശാലാ വാര്‍ഷികത്തിന് നാടകം..ഒന്നുകില്‍ സി.എല്‍ ജോസിന്റെ നാടകം, അല്ലെങ്കില്‍ പി ആര്‍ ചന്ദ്രന്റെ നാടകം. പിന്നൊരിക്കല്‍ അയ്യനേത്തി ന്റെ 'ഗാന്ധീവം' നാടകം.
ഞങ്ങള്‍ രാത്രി ഒരുമണിക്കും രണ്ടുമണിക്കും ഒക്കെ റിഹേര്‍സലും കഴിഞ്ഞു വീടുകളിലേക്ക് നടക്കും. നിലാവുല്ലപ്പോഴും, കുട്ടാക്കുട്ടിരുട്ടത്തും, നാട്ടുവേളിച്ചത്ത്തിലും ഒക്കെ എത്ര എത്ര നടത്തങ്ങള്‍. വിസ്വനതന്റെ അനുജന്‍ വിജയനും ഞാനും ആയിരുന്നു ഉടയോന്‍ മുറ്റവും കഴിഞ്ഞു നടക്കേണ്ടവര്‍ . ഡാനിഎല്‍ സാറിന്റെ വാതുക്കല്‍ മാലൂര്‍ കോളെജിലേക്ക് വഴിതിരുന്നിതിലെ വിജയന്‍ നടക്കും. എനിക്ക് പുതുവല്‍ ഭാഗത്തേക്ക് നടന്നു പെന്തകൊസ്തു പള്ളിയുടെ അടുത്ത് കൂടി കിഴക്കോട്ടു വേണം പോകാന്‍.
കയ്യെഴുത്തുമാസിക അതില്‍ അദ്ഭുതകരമായ ചിത്രങ്ങള്‍ വരയ്ക്കുന്ന സുകുമാരന്‍ വൈദ്യരും രാജനും. മണ്ഡല ക്കാലത്ത് പാട്ട് പുരയില്‍ ഭജന. വിശ്വനതനും വിജയനും ഒക്കെ ഗഞ്ചിറ അടിച്ചു ഭജന പ്പാട്ട് പാടും. ഒരിക്കല്‍ ഒരു മണ്ഡല ക്കാലത്ത് കുന്നിടക്കാരന്‍ മാങ്ങാക്കച്ചവടക്കാരന്‍ കൃഷ്ണന്റെ കഥാപ്രസംഗം ഉണ്ടായിരുന്നു. കഥയെക്കാള്‍ മെച്ചം കൃഷ്ണനെ പറച്ചിലും ഭാവ ഹാവാദികളും അയിരുന്നു. ആള്‍ക്കാര്‍ക്ക് കുറെ നാളത്തേക്ക് പറഞ്ഞു ചിരിക്കാന്‍ ഒരു വിഷയം അയിരുന്നു കൃഷ്ണന്റെ കഥാപ്രസംഗം. പിന്നൊരിക്കല്‍ കുന്നിട രാമചന്ദ്രന്‍ ഉടയോന്‍ മുറ്റത്തു കഥാപ്രസംഗം നടത്തി. ഒരിക്കല്‍ വിശ്വനാഥനും കഥാപ്രസംഗം നടത്തി. അതാണ് ഞാന്‍ ഉടയോന്മുട്ടത്ത് പങ്കെടുത്ത ഒടുവിലത്തെ പരിപാടി. ഉമ്മനച്ചനും, കെ.പി.ഉടയഭാനുവും മറ്റും അയിരുന്നു അന്നത്തെ മീറ്റിങ്ങില്‍ പ്രമുഖര്‍. പിന്നെന്നോ ഒരിക്കല്‍ വിശ്വനതനെ ഞാന്‍ കണ്ടു. വിശ്വനാഥന്‍ അന്ന് പാരലല്‍ കോളേജില്‍ പഠിപ്പിക്കുകയായിരുന്നു. പിന്നെ ഞാന്‍ വിശ്വനാഥനെ കണ്ടിട്ടില്ല. രാജസ്ഥാനില്‍ നിന്നും ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ അറിഞ്ഞു, വിശ്വനാഥന്‍ മരിച്ചു പോയി എന്ന്. ഗോപിനാഥന്‍ ആണ് കഥകള്‍ എല്ലാം പറഞ്ഞത്. ഗോപിയും വിശ്വനാഥനും ഉറ്റ സുഹൃത്തുകള്‍ അയിരുന്നു. ഇപ്പോഴും ഗോപിയെക്കൂടാതെ വിശ്വ നാഥനെയോ വിശ്വ നാഥനെക്കൂടാതെ ഗോപിയെയോ എനിക്ക് സങ്കല്‍പ്പിക്കുവാന്‍ ആവില്ല.
ഉടയോന്‍ മുറ്റത്തെപ്പറ്റി പറയാന്‍ എനിക്ക് ഒരു പാടുണ്ട്. ഈയിടെ നാട്ടില്‍ വന്നപ്പോള്‍ കുടുംബസമേതം ഞാന്‍ ഉടയോന്‍ മുറ്റത്തു വന്നിരുന്നു. മലനടയും അമ്മൂമ്മയുടെ ഇടവും അതുപോലെ നിലനിര്ത്തിയിരിക്കുന്നത് നല്ലതാണ്. ഞാന്‍ വന്ന ദിവസം അവിടെ മുറുക്കാന്‍ വച്ചിരുന്നു. ആരുടെയോ നേര്‍ച്ചയാണ്. ഞങ്ങള്‍ വേഷായി മുറുക്കി. താഴെ കാവിലും പോയി. ലൈബ്രറിയുടെ തിണ്ണയില്‍ കുറച്ചു നേരം ഇരുന്നു.
POSTED BY
s.salimkumar
kurumpakara